ചുക്കുരോവ യൂണിവെര്സിറ്റി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ എന്റെ കൂടെ ജോലിക്ക് ചേര്ന്ന് പ്രൊഫ. റിച്ചാര്ഡ്സനും ഭാര്യയും ആണ് ഇന്നത്തെ കഥാപാത്രങ്ങള്‍ . ഇന്ഗ്ലണ്ടിലെ ഷെഫീല്ഡ സരവകലാ ശാലയില്‍ നിന്ന് പിരിഞ്ഞ പ്രൊഫസര്‍. അദ്ധ്യാപിക യായി പിരിഞ്ഞ ഭാര്യ Mrs.പമീല. ഇവര്‍ രണ്ടുപേരും ഞങ്ങള്ക്ക് കുറച്ചു നാളെക്കു മാത്രമായിരുന്നു എങ്കിലും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. രണ്ടു പേരും തുര്ക്കി യില്‍ മുമ്പ് കുറെ വര്ഷം ജോലി ചെയ്തിരുന്നത് കൊണ്ടു തുര്ക്കിഷ് ഭാഷ നല്ലവണ്ണം കൈകാര്യം ചെയ്യാനറിയാമായിരുന്നവര്‍. ഇന്ഗ്ലണ്ടിനെ അപേക്ഷിച്ച് ജീവിത ചെലവ് വളരെക്കുറവ്, പാവപ്പെട്ട രാജ്യമായത് കൊണ്ടു ജീവകാരുണ്യ പ്രവര്ത്തനത്തിന് നല്ല സാദ്ധ്യത ഇത് രണ്ടു ആവാം അവരെ ടര്ക്കി്യിലേക്ക് ആകര്ഷിച്ചത്.
പക്ഷെ ഒരു ചെറിയ പ്രശ്നം. ടര്ക്കിയില്‍ ബ്രിട്ടീഷ് പൌരന്മാരെ അന്നും ഇന്നും സംശയ ദൃഷ്ടിയോടെ മാത്രമേ ആള്ക്കാര്‍ നോക്കിയിരുന്നുള്ളൂ. കാരണം ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ്സില്‍ ഇന്ത്യയും പാകിസ്ഥാനും പോലെ ടര്ക്കിയും ഗ്രീസും തമ്മില്‍ എല്ലാകാലത്തും ശത്രുത നിലനിര്ത്താന്‍ വേണ്ട പണി ബ്രിട്ടീഷുകാര്‍ ഒപ്പിച്ചു പോയി എന്നതാണ്. മദ്ധ്യധര ണ്യാഴിയില്‍ ടര്ക്കിയുടെ തെക്ക് ഭാഗത്ത് കിടക്കുന്ന സൈപ്രസ് ദ്വീപില്‍ ടര്ക്കി്യോടു അടുത്തു കിടക്കുന്ന ഉത്തരഭാഗത്തില്‍ കൂടുതലും ടര്ക്കിഷ് മുസ്ലീമുകളും മറ്റു ഭാഗങ്ങളില്‍ കൃസ്ത്യാനികളും ആണ്. ഇവര്‍ തമ്മില്‍ മറ്റു രാജ്യങ്ങളില്‍ ഉള്ളപോലെ സ്പര്ദ്ധ നില നില്ക്കെ ബ്രിട്ടീഷുകാര്‍ സൈപ്രസ്സില്‍ നിന്ന് പോയപ്പോള്‍ ഉണ്ടാക്കിയ ഭരണഘടനയില്‍ ടര്ക്കിഷ് മുസ്ലീമുകളുടെ സംരക്ഷകരായി ടര്ക്കിയെയും ക്രുസ്ത്യാനികളുടെ താല്പ്പര്യസംരക്ഷകരായി ഗ്രീക്ക് സര്ക്കാരിനെയും മദ്ധ്യസ്തരായി ബ്രിട്ടീഷ് സര്ക്കാരി നെയും വച്ചു. എന്നാല്‍ ആര്‍ച്ആബിഷപ്പ് മക്കാരി യോസ് സൈപ്രസ് പ്രസിഡന്റ് ആയപ്പോള്‍ തുര്ക്കി ക്കാരെ സര്ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ഗ്രീക്ക് സഹായമുള്ള ക്രുസ്ത്യാനികളുടെ മേല്ക്കോയ്മ സ്ഥാപിക്കാനും ശ്രമിച്ചു, പല പ്രാവശ്യം ബ്രിട്ടീഷു കാരോട് പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല. ബിഷപ്പ് മക്കാറിയോസിന് താക്കീത് കൊടുത്തിട്ടും കാര്യങ്ങള്‍ മെച്ചപ്പെടാത്തത് കൊണ്ടു, ടര്ക്കി സൈപ്രസ്സിന്റെ ഉത്തര ഭാഗം പട്ടാളത്തെ അയച്ചു കീഴ്പ്പെടുത്തി ‘ഉത്തര സൈപ്രസ് റിപ്പബ്ലിക്’ സ്ഥാപിച്ചു. ഈ രാഷ്ട്രത്തെ ഐക്യരാഷ്ട്ര സഭയും മറ്റും അംഗീകരിച്ചിട്ടില്ല. തുട ര്‍ന്നുണ്ടായ യുദ്ധത്തിനു ശേഷം ഈ രണ്ടു സൈപ്ര സ്സുകള്ക്കും ഇടയില്‍ ഒരു ആളില്ലാ മേഖല ഉണ്ടാക്കി യു എന്‍ പട്ടാളക്കാരുടെ സംരക്ഷണയിലാണ്. ഉത്തര സൈപ്രസ്സില്‍ സാമ്പത്തിക ഉപരോധവും നിലനി ല്ക്കുന്നു. ഇതാണ് ബ്രിട്ടീഷ് വിരോധത്തിനു ഒരു പ്രധാന കാരണം. ഇക്കാരണം കൊണ്ടു തന്നെ ടാര്‍ക്കിയുറെ യുരോപ്യന്‍ കൌണ്‍സില്‍ അംഗത്വം തടയപ്പെടുന്നു.
ഏതായാലും നമ്മുടെ സായിപ്പും മദാമ്മയുടെയും ലക്‌ഷ്യം ടര്ക്കിയിലുള്ള അപൂര്വ്വം കൃസ്ത്യന്‍ പള്ളികളില്‍ പാവപ്പെട്ട കുട്ടികള്ക്ക് ഭക്ഷണവും മറ്റും കൊടുക്കുകയും ഇങ്ങ്ലീഷ് പഠിപ്പിക്കുകയും മതം പ്രചരിപ്പിക്കുകയും മറ്റും ആയിരുന്നു എന്നു സ്വാഭാവി കമായി സംശയിക്കാം.
സായിപ്പിന്റെ സംസാരത്തില്‍ ഇപ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് ഭാരതം സ്വതന്ത്രമായതിന്റെ വിഷമം ഇടയ്ക്കിടെ പുറത്തു വരും. ഇന്ഗ്ലണ്ടില്‍ കച്ചവടം നടത്തുന്ന പാകിസ്താന്‍ പൌരന്‍മാര്‍ കാണിക്കുന്ന വൃത്തികേടുകളെപ്പറ്റി അദ്ദേഹം വാചാലനാകുന്നു പലപ്പോഴും. അവര്‍ നടത്തുന്ന കടകളുടെ മുമ്പില്‍ റോഡില്‍ സാധനങ്ങള്‍ നിരത്തി വെക്കുന്നതും ക്രിക്കറ്റ് കളി നടക്കുമ്പോള്‍ പാക് വംശജരായ കാണികള്‍ ഉണ്ടാക്കുന്ന ബഹളവും എല്ലാം അദ്ദേഹം വിസ്തരിക്കും (ഒരു പക്ഷെ ഞാന്‍ പാകിസ്ഥാനി ആയിരുന്നെങ്കില്‍ അദ്ദേഹം ഇന്ത്യക്കാരെ പറ്റിയും ഇത് തന്നെ പറയുമെന്ന് എനിക്ക് തോന്നി). ബ്രിട്ടീഷുകാര്‍ ഫുട്ബാള്‍ കളി കാണാന്‍ സ്പെയിനില്‍ ഉണ്ടാക്കിയ ബഹളം അദ്ദേഹം സൌകര്യ പൂര്വ്വം മറക്കുന്നു.
ഏതായാലും ആറടി പൊക്കവും അതിനൊത്ത ആകാരവും ഉള്ള സായിപ്പ് എനിക്ക് വളരെ സഹായമായിരുന്നു. അദ്ദേഹം വന്നപ്പോള്‍ ഇന്ഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന ( പഴയ കുരിശു യുദ്ധക്കാര്‍ വന്ന വഴിയാണോ അറിയില്ല) കാറില്‍ ജോലി പെര്മിറ്റ് ഉണ്ടാക്കാനും മറ്റും പോലീസ് സ്റ്റെഷനിലും മറ്റും ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന സായിപ്പ് എനിക്ക് വലിയ സഹായമായി. ഇടയ്ക്കുള്ള ചെറിയ യാത്രകള്ക്കും .
മാദം പമീല നമ്മുടെ ശ്രീമതിയുടെ ഉറ്റ ചങ്ങാതിയായി മാറി. പട്ടണം കാണാനും മറ്റു അവര്‍ ശ്രീമതിയെ കൂട്ടിക്കൊണ്ടു പോയി. വീട്ടില്‍ ഉണ്ടാക്കി വച്ച ചിക്കന്‍ കറിയും ഒക്കെ സ്വാതന്ത്ര്യമായി അവര്‍ വന്നു കഴിക്കു മായിരുന്നു. അവര്‍ പറയും “ നിങ്ങളുടെ കറികള്ക്ക് എന്ത് വാസന, ഇന്ഗ്ലണ്ടില്‍ ഇന്ത്യന്‍ രേസ്ട്ടോറന്റില്‍ ഒരു പ്ലെയ്റ്റ് ചിക്കന്‍ കറിക്കു 15 പൌണ്ട് കൊടുക്കു ന്നതില്‍ 10 പൌണ്ട് വാസനയ്ക്കും 5 പൌണ്ട് സാധനത്തിനും ആണ് “ . വൈകുന്നേരം നടക്കാന്‍ പോകുമ്പോള്‍ ഈ വാസന കേള്ക്കാന്‍ തന്നെ ഇന്ത്യന്‍ രേസ്റ്റൊരന്റിനു അടുത്തു കൂടി അവര്‍ നടക്കുമത്രെ. പക്ഷെ സായിപ്പിന് നമ്മുടെ കറിയുടെ എരിവു തീരെ പിടിക്കില്ല. അദ്ദേഹം ഉരുളക്കിഴ ങ്ങല്ലാതെ ഒരു പച്ചക്കറിയും വാങ്ങുന്നത് കാണാറില്ല എന്ന് ശ്രീമതി.
ഒരിക്കല്‍ ഒരു യാത്രയില്‍ അദ്ദേഹം വളരെ ആസ്വദിച്ചു മത്സ്യം പൊരിച്ചത് കഴിക്കുന്നതു കണ്ടു. അവിടെ മത്സ്യം പൊരിക്കുന്നത് നമ്മുടെ രീതിയില്‍ അല്ല. മത്സ്യം വൃത്തിയാക്കാതെ കത്തി കൊണ്ടു പുറത്തു വരഞ്ഞു ഒരു ചൂട് പ്ലെയ്ട്റ്റില്‍ വക്കും, പുറത്തു കുറച്ചു ഒലിവെണ്ണ ഒഴിക്കും, മത്സ്യം പകുതി വെന്തു കഴിയുമ്പോള്‍ മറിച്ചിട്ട് വീണ്ടും കുറെഎണ്ണ ഒഴിക്കും. ഒരു തരം എണ്ണയില്‍ പുഴുങ്ങി എടുത്ത മത്സ്യം. അതിന്റെ ചെതുമ്പലും പുറം തൊലിയും കുടലും മറ്റും മാറ്റി നമ്മള്‍ കഴിച്ചു കൊള്ളണം. മത്സ്യം നല്ലതുപോലെ വൃത്തിയാക്കി മസാലയും മുളകും ചേര്ത്ത്പൊരിക്കുന്ന നമ്മുടെ രീതി എവിടെ, ഇവരുടെ രീതി എവിടെ. പക്ഷെ സായിപ്പ് അത് ആസ്വദിച്ചു കഴിക്കുന്ന രീതി അപാരം തന്നെ ആയിരുന്നു. ശ്രീമതി ഇത് കണ്ടു ഭക്ഷണം കഴിക്കാന്‍ തന്നെ വിഷമിച്ചു.
സായിപ്പിന്റെയും മദാമ്മയുടെയും അദ്ധ്യാപകരായ മക്കള്‍ ഇടയ്ക്ക് ടര്ക്കിിയില്‍ വരുമ്പോള്‍ താമസം ഗസ്റ്റ് ഹൌസില്‍. അവിടെ അവര്ക്ക് പ്രത്യേക ഡിന്നറും മറ്റും ഒരുക്കും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അവര്‍ തിരിച്ചു പോകും. അങ്ങനെയായിരുന്നു അവരുടെ കുടുംബജീവിതം.
ഞങ്ങള്‍ നാല് പേരും കൂടി ടര്ക്കിയില്‍ പല സ്ഥലത്തും ചുറ്റിക്കറങ്ങിയിട്ടുണ്ട്. അലെക്സാണ്ടര്‍ കയറിയ ഒരു പാലവും രമേസിസ് II എന്ന ഫെരോവ് യുദ്ധം ജയിച്ചപ്പോള്‍ ഉണ്ടാക്കിയ സ്മാരകവും എല്ലാം ചരിത്രത്തില്‍ നല്ല അവഗാഹമുള്ള മദാമ്മ ഞങ്ങള്ക്ക് കാണിച്ചു തന്നതോര്ക്കു്ന്നു.
ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു പോന്നുകഴിഞ്ഞിട്ടും രണ്ടു വര്ഷം കൂടി അവര്‍ അവിടെ ജോലി ചെയ്തിരുന്നു, വര്ഷത്തിലൊരിക്കല്‍ ക്രുസ്തുമസ്സിനു ഒരു നീണ്ട കത്തും അദ്ദേഹം അയക്കുമായിരുന്നു, അടുത്തകാലം വരെ . ഞങ്ങളുടെ സ്നേഹാദരങ്ങളും കുടുംബ വിശേഷങ്ങളും അറിയിച്ചു മറുപടിയും അയക്കു മായിരുന്നു. ഈമെയില്‍ അയച്ചിരുന്നത് പ്രൊഫസര്‍ ആയിരുന്നു. അടുത്തു അയച്ച മെയിലുകള്‍ ബൌന്സ് ചെയ്തു. അങ്ങനെ ബന്ധം നഷ്ടപ്പെട്ടു. പല പ്രാവശ്യം ഇങ്ങ്ലണ്ടില്‍ പോയപ്പോഴും ഈഘാം എന്ന സ്ഥലത്ത് താമസിച്ചിരുന്ന അവരെ കാണാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചിട്ടില്ല.
അവരെ ഓര്മ്മിക്കാനും അവര്‍ ഞങ്ങള്ക്ക് തന്ന സഹായങ്ങള്ക്ക് നന്ദി പറയാനും ഈ കുറിപ്പ് എഴുതുന്നു.
!['prof Richardson, Mme Pamella & @[100009285370309:2048:Malathy Mohandas]'](https://scontent.fmaa1-1.fna.fbcdn.net/v/t1.0-0/s370x247/14991866_10205297811963186_631235184669027030_n.jpg?oh=895d30c37c64a169b047dc901a0c190d&oe=588D7E0C)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ