ഞങ്ങളുടെ
നാട്ടിലെ വളരെ ഏറെ വര്‍ഷങ്ങള്‍ എല്ലാവര്ക്കും തുണയായിരുന്ന
ഒരു ഡോക്ടര്‍ ആയിരുന്നു കൃഷ്ണമൂര്‍ത്തി
അയ്യര്‍ എന്ന ഞങ്ങളുടെയെല്ലാം മൂര്‍ത്തിസ്വാമി. പൊതുവെ സ്വാമിമാരെല്ലാം മങ്കൊമ്പില്‍
വടക്കെക്കരയിലാണ് താമസം ,
മങ്കൊമ്പ് ക്ഷേത്രത്തിനു ചുറ്റും ആണ് അവരുടെ താമസം, വടക്കെ മഠം , കിഴക്കേ മഠം, പടിഞ്ഞാറെ
മഠം, കൊച്ചുമഠം , വലിയമഠം എന്നിങ്ങനെ പേരുള്ള മഠങ്ങള്‍. ഒരേ ഒരു കുളങ്ങരയില്ലവും (മങ്കൊമ്പ്
ക്ഷേത്രത്തിലെ പൂജാരിമാരുടെ). എന്നാല്‍ മൂര്‍ത്തിസ്വാമിയുടെ കുടുംബം തെക്കേക്കരയില്‍ ആയിരുന്നു താമസം. ഞങ്ങളുടെ നാട്ടുകാരുടെ കണ്കണ്ട
ദൈവം ആയി അദ്ദേഹം അടുത്ത കാലം വരെ
ആള്‍ക്കാരെ ചികിത്സിച്ചിരുന്നു.
ഇപ്പോള്‍ വാര്ദ്ധക്യം, കണ്ണിനു കാഴ്ച
കുറഞ്ഞു വിശ്രമ ജീവിതം നയിക്കുന്നു. (2021 ൽ ദിവംഗതനായി )
മൂര്ത്തിസ്വാമി
ഡോക്ടര്‍ പരീക്ഷ പാസായിട്ടുണ്ടോ എന്ന് ഞങ്ങള്‍ ആരും
ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍
ഡോക്ടര്‍ ആയിരുന്നു, മകനെ
എവിടെയോ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ആള്‍ ഒന്ന് രണ്ടു വര്ഷം കഴിഞ്ഞു പഠിത്തം നിര്ത്തി എന്ന് ഒരു കിംവദന്തി ദോഷൈകദൃക്കുകള്‍ ആരോ പറഞ്ഞു പരത്തിയിരുന്നു. പക്ഷെ ഒരു ഡോക്ടര്‍ക്ക് അത്യാവശ്യം വേണ്ട കൈപ്പുണ്യവും
ഗുരുത്വവും സ്വാമിക്ക് ധാരാളം
ഉണ്ടായിരുന്നു. അച്ഛനില്‍ നിന്ന് കണ്ടും
കേട്ടും പഠിച്ചതാവാം. ഒരു രോഗി അവിടെ
ചെന്നാല്‍ അയാളുടെ രോഗം തന്റെ
കൈപ്പിടിയില്‍ ഒതുങ്ങുമോ എന്നു അദ്ദേഹത്തിന് പെട്ടെന്ന്
തിരിച്ചറിയാന്‍ കഴിയുമായി രുന്നു,
സംശയം തോന്നിയാല്‍ ഒന്നുകില്‍ ആലപ്പുഴയ്ക്കോ അല്ലെങ്കില്‍ പുളിങ്കുന്ന്
പ്രാഥമികചികിത്സാ കേന്ദ്രത്തിലോ പോയിനോക്കാന്‍
സ്വാമി ഉപദേശിക്കും. അടിപിടി , കുത്ത് കേസുകള്‍
സ്വാമി ഒരിക്കലും ഏറ്റെടുക്കാറില്ല, പോലീസ് കേസ് ഒഴിവാക്കാന്‍
അങ്ങനെ നിഷ്കര്‍ഷയായി നോക്കിയിരുന്നു. ആശുപത്രിയില്‍ കിടത്തി
ചികിത്സ തുടങ്ങിയിട്ടും ഒരു രോഗി
പോലും സ്വാമിയുടെ ചികിത്സയില്‍ മരണപ്പെട്ടിട്ടില്ല, തീര്‍ച്ച.
കയ്യില്‍
ഉള്ള സ്റ്റെതസ്ക്കോപ്പും തര്മോമ്മീറ്ററും മാത്രം കൊണ്ടു രോഗ നിര്‍ണയം നടത്തി മരുന്നും നല്‍കുമായിരുന്നു. മരുന്ന്
വാങ്ങിക്കഴിഞ്ഞു “സ്വാമി എത്രയായി” എന്ന് ചോദിക്കുന്നത്. പത്ത് രൂപ
എന്ന് പറയുന്നു, “അയ്യോ സ്വാമി എന്റെ കയ്യില്‍
അഞ്ചു രൂപയെ ഉള്ളല്ലോ “ എന്ന്
പറഞ്ഞാല്‍, “ശരി, കൃഷ്ണാ , അടുത്ത തവണ വരുമ്പോള്‍ കൊടുത്തേക്കൂ “ എന്ന്
പറഞ്ഞു വിടും, അപൂര്‍വം രോഗികള്‍ മാത്രമേ കൊടുത്ത
മരുന്ന് തീര്‍ന്നാല്‍ “ അടുത്ത തവണ “
വരേണ്ടി വരാറുള്ളൂ. പിന്നൊരിക്കല്‍ ചെന്നാല്‍
ഒരിക്കലും സ്വാമി അത് ചോദിക്കാറുമില്ല. ആരോടും, ധനികനായാലും പാവപ്പെട്ടവനായാലും. ആരെങ്കിലും ഓര്‍മ്മിച്ചു കൊടുത്താല്‍
‘താങ്ക്സ്‘ പറഞ്ഞു പെട്ടിയില്‍ ഇടും.
ഞങ്ങളുടെ
വീട്ടില്‍ ആര്‍ക്കു അസുഖം വന്നാലും
മൂര്‍ത്തി സ്വാമിയെ ആണ് കാണിക്കുക. ആറിന്റെ വടക്കെക്കര യില്‍ ഒരു ഡോ.കുമാരന്‍ നായര്‍ ഉണ്ടെങ്കിലും ഒരിക്കലും അവിടെ ഞങ്ങൾ പോയത് ഓര്‍മ്മയില്ല., പ്രത്യേകിച്ചും തെക്കേക്കരയിൽ നിന്നുള്ളവർ. ഞങ്ങള്‍ക്ക് അല്പം സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നത് കൊണ്ടു
പലപ്പോഴും പണം എന്തെ ങ്കിലും കൊടുത്താല്‍
ആയി. പിന്നീട് ചെല്ലുമ്പോള്‍ ഒരിക്കലും സ്വാമി ചോദി ച്ചിട്ടില്ല. കണക്കെഴുതി വച്ചിട്ടുണ്ടാവു മെന്നു തന്നെ തോന്നുന്നില്ല. എനിക്ക് ഇടയ്ക്കിടെ
ടോന്സില്സ് വീങ്ങി രണ്ടാഴ്ച കൂടുമ്പോള്‍
പനി വരു മ്പോള്‍ അദ്ദേഹം
നല്‍കിയ സള്‍ഫ മരുന്നുകള്‍ തന്നെ
നല്ലൊരു തുകയ്ക്കുണ്ടാവും. ഞങ്ങളുടെ
അമ്മയുടെ അവസാനനാളുകളില്‍ വേദന
സംഹാരി കുത്തിവയ്ക്കാന്‍ ആദ്യമാദ്യം
ആഴ്ചയിലൊരിക്കല്‍, പിന്നീട് ഒന്നിടവിട്ട
ദിവസങ്ങളില്‍ , അവസാനം എല്ലാ ദിവസവും അദ്ദേഹം വീട്ടില്‍ വരുമായിരുന്നു. അന്ന് കാറും മറ്റുമില്ലാത്തത് കൊണ്ടു രണ്ടു കിലോമീറ്ററിലധികം നടന്നു തന്നെയാണ് സ്വാമി വരുക.
നാട്ടുകാരുടെ
മിക്കവാറും എല്ലാ വിശേഷ
പരിപാടിയ്ക്കും സ്വാമിയെ വിളിക്കും,
അദ്ദേഹം എത്ര തിരക്കായാലും സമയം
ഉണ്ടാക്കി അവിടെ എത്തും, വിവാഹം ആയാല്‍ ആള്‍ക്കാരുടെ ആവശ്യം അന്നുസരിച്ചു ചെയ്യാവുന്ന സഹായവും ചെയ്യും, പ്രത്യേകിച്ചും
പാവങ്ങള്‍ക്ക്.
നല്ലൊരു
സുഹൃദ് വലയം സ്വാമിക്കുണ്ടായിരുന്നു. അതില്‍ സാഹിത്യ കാരന്മാരും
കലാകാരന്മാരും എല്ലാം ഉള്‍പ്പെട്ടിരുന്നു.. നാടകാചാര്യനായ യശ:ശ്ശരീരനായ ശ്രീ കാവാലം
നാരായണപ്പണിക്കരേ പലപ്പോഴും അദേഹത്തിന്റെ
ആശുപത്രിയില്‍ വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സഹോദരന്‍
ശശിധരനും അവധിക്കു നാട്ടില്‍
വരുമ്പോള്‍ സ്വാമിയോട് വര്‍ത്തമാനം പറയാന്‍ കൂടുമായിരുന്നു.
ഇന്നു
കുടുംബ ഡോക്ടര്‍ എന്ന സങ്കല്പം
തന്നെ ഇല്ലാതായിരിക്കുന്നു. എന്തിനും ഏതിനും സ്പെഷ്യലിസ്റ്റുകളുടെ പുറകെ
പായുന്ന ആള്‍ക്കാര്‍. എന്നാലും ഒരു
പത്തു വര്ഷം മുമ്പ് വരെ സ്വാമി
നാട്ടുകാരുടെ സ്വന്തം ഡോക്ടര്‍ ആയിരുന്നു, ജാതി മത ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന
ഒരു മഹദ് വ്യക്തി. ഈ കുറിപ്പുകളില്‍ കൂടിയെങ്കിലും ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു, ഞങ്ങളുടെ കുടുംബത്തെ നിര്‍ലോഭം സഹായിച്ചതിന്,
നാട്ടുകാരുടെ കണ്കണ്ട ദൈവം ആയി ജീവിച്ചതിന് .
. 


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ