2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

3 :ഇതാ വ്യത്യസ്തനായ മറ്റൊരു സഹോദരതുല്യന്‍

ഞങ്ങള്‍ ഡല്ഹിയിലുള്ള കാലം. എന്റെ ഒരു സുഹൃത്തിന്റെ സഹോദരന്‍, ശ്രീമതിയെ സ്വന്തം ചേച്ചിയെപ്പോലെ കരുതുന്ന ആള്‍, പെട്ടെന്ന് ഡല്ഹിക്കു തിരിക്കുന്നു. സൌദിയില്‍ പോകാന്‍ അയലത്തെ സുഹൃത്തിന്റെ വിസ അടിപ്പിക്കാന്‍ ആണ് വരവ്. ഗംഭീരമായി വിമാനത്തില്‍ തന്നെ,. പക്ഷെ പുറപ്പെടുന്നതിനു ഏതാനും മണിക്കൂര്‍ മുമ്പാണ് ചേച്ചിക്ക് എന്താണ് കൊണ്ടു പോകേണ്ടത് എന്ന് ആലോചിച്ചത്. വിട്ടു, നേരെ ചാലക്കമ്പോളത്തിലേക്ക്. അര ചാക്ക് ഒന്നാം തരം കുത്തരി, ഒരു കുല കപ്പപഴം, (ചെങ്കദളി), കുറച്ചു ഉണക്ക മീന്‍ (കരുവാട് എന്ന് തിരുവനന്തപുരം ഭാഷ) ഇവയെല്ലാം കൂടി ഒരു ചാക്കില്‍ കെട്ടി കൂടെ കയറ്റി.

ഇന്നത്തെപ്പോലെ സുരക്ഷാ പരിശോധന കര്‍ശനം അല്ല. എന്നാലും ബോംബയില്‍ മാറി കേറ്റിയതിനിടെ ആര്രോ CISF ലെ ഒരു വിരുതന്‍ കയ്യിലിരുന്ന ഉപകരണം കൊണ്ട് ചാക്കില്‍ ഒരു കുത്തു കൊടുത്തു. അരി കുറെ പുറത്തു ചാടി. ആള്‍ക്കാര്‍ ശ്രദ്ധിച്ചു. എന്താണ് . ആശാന്‍ അറിയാവുന്ന ഭാഷയില്‍ പറഞ്ഞു "അരിശു അരിശു ". ഏതായാലും മത്സ്യം ആരും കണ്ടില്ല. ഒരു വിധം ചാക്ക് വീട്ടില്‍ എത്തിച്ചു. പഴം വീട്ടില്‍ എത്തിയപ്പോള്‍ പായസം ആയി, കണ്ട പശുവിനു ഭക്ഷണവും. കുറെ നാള് കൂടി ഞങ്ങള്‍ നല്ല കുത്തരി ചോറ് ഉണ്ടിട്ടു. രണ്ടാഴ്ച്ചത്തെക്ക് കുത്തരി സുലഭം.

ആള്‍ ഭയങ്കര വൃത്തിക്കാരനാണ്. .ഞങ്ങളുടെ അടുത്ത വീട്ടിലെ പഞ്ചാബിക്കുട്ടി ഇടയ്ക് വീട്ടില്‍ വരും. ആ കുട്ടിയെ അയാള്ക്ക് അത്ര പിടിത്തമല്ല. ശ്രീമതിയോട് പറയും " ചേച്ചി, കേറ്റരുത്‌, കുളിക്കാത്ത ജാതിയാണ്, വല്ല രോഗവും വരും " എന്ന്. ഒരു ദിവസം ആ കുട്ടി ഞങ്ങ ളുടെ വീട്ടിനകത്തു കയറി. ആശാന് കക്ഷിയെ പുറത്താ ക്കണം. " അന്തര്‍ ആവോ " എന്ന് പറഞ്ഞാല്‍ അകത്തു വരൂ എന്നാണ് എന്ന് അറിയാം. അതുകൊണ്ടു കക്ഷി പുറത്തിറങ്ങി നിന്നിട്ട് കുട്ടിയെ വിളിച്ചു പറഞ്ഞു "അന്തര്‍ ആവോ ", പുറത്തേക്ക് ആന്ഗ്യം കാണിച്ചു. ഞങ്ങള്‍ എല്ലാം തല അറഞ്ഞു ചിരിച്ചു അന്ന്.

പുറത്തു പോയാല്‍ അയാള്‍ ഒന്നും കഴിക്കുകയില്ല. ബ്രിട്ടാനിയ ബിസ്ക‌റ്റ് അല്ലാതെ. കാലാവസ്ഥ മാറുമ്പോള്‍, ഡല്ഹിയില്‍ ചിലപ്പോള്‍ ഈച്ചശല്യം വളരെ കൂടുതല്‍ കാണാം. കക്ഷിക്ക് ഈച്ചയെ ഭയങ്കര അറപ്പാണ്. ഭക്ഷണം കഴിക്കുമ്പോള്‍, ആരെങ്കിലും വീശി കൊടുക്കണം. മറ്റുള്ളവര്‍ കഴിക്കുമ്പോള്‍ അയാള്‍ വീശിതരും. " വേഗം കഴിക്കൂ, എന്റെ കൈ കഴയ്ക്കുന്നു " എന്ന് പറഞ്ഞുകൊണ്ട്. ഒരു ദിവസം ബസ്സില്‍ നിന്നു ഓടിയിറങ്ങി വന്ന പാടേ " ചേച്ചി ഡെറ്റോള്‍ എവിടെ " എന്ന് ചോദിച്ചുകൊണ്ട്. കാരണം ബസ്സില്‍ വച്ചു ഒരീച്ച ആശാന്റെ മുഖത്ത് ഇരുന്നു. മുഖവും കയ്യും എല്ലാം കഴുകി കഴിഞ്ഞാണ് ഇതു പറഞ്ഞതു.

ഇങ്ങനെയും ഒരാള്‍, ശുദ്ധഗതിക്കാരന്‍, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നിഷ്കളങ്കന്‍, എന്നാലും അയാളുടെ ചെയ്തികളില്‍ നിന്ന് ഞങ്ങള്ക്ക് ഓര്ത്തോ ര്ത്തു ചിരിക്കാന്‍ എന്നും എന്തെങ്കിലും ഉണ്ടാവുമാ യിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ